Monday, March 26, 2012

പച്ചക്കശുവണ്ടി അവിയൽ

ഇപ്പോ കശുവണ്ടിയുടെ സീസണല്ലേ....ഇവിടെ ഇത്തവണ കശുവണ്ടി  ധാരാളമായി ഉണ്ടായിട്ടുണ്ടെങ്കിലും അധികവും എത്താക്കൊമ്പുകളിലാണ്.  എന്നാലും അങ്ങനെ തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ... അവിയലുണ്ടാക്കാൻ കുറച്ചു പച്ചക്കശുവണ്ടി ഒരു കണക്കിന് സംഘടിപ്പിച്ചെടുത്തു.

ആവശ്യമുള്ള സാധനങ്ങൾ:
  • പച്ചക്കശുവണ്ടി - പത്തുമുപ്പതെണ്ണം
  • മുരിങ്ങാക്കായ - ഒന്നര/രണ്ട്
  • പച്ചമാങ്ങ - പുളിപ്പിന് ആവശ്യമായത്ര 
  • പാകത്തിന് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്
  • പച്ചമുളക് - 2-3
  • തേങ്ങ - രണ്ടു പിടി
  • ജീരകം - അര ടീസ്പൂൺ
  • വെളിച്ചെണ്ണ, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
 പച്ചകശുവണ്ടി രണ്ടായി മുറിച്ച് പരിപ്പെടുത്തശേഷം ഒരു തുണികൊണ്ട് നെയ്മയം നന്നായി തുടച്ചുകളയുക. പച്ചക്കശുവണ്ടി കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണേ....അതിലെ നെയ്യ് കയ്യിൽ പറ്റിയാൽ പൊള്ളും.  ഒന്നുകിൽ ഒരു തുണിക്കഷ്ണമോ, പ്ലാസ്റ്റിക്ക് കവറോ കൂട്ടിപ്പിടിച്ച് മുറിക്കുക. അല്ലെങ്കിൽ ഗ്ലൗസിടുക.

തേങ്ങയും ജീരകവുംകൂടി ചതച്ചുവയ്ക്കുക. (തേങ്ങയോടൊപ്പം   വെളുത്തുള്ളിയോ ചുവന്നുള്ളിയോ ഒക്കെ ചേർക്കാറുണ്ടെങ്കിൽ അതും ആവാം കേട്ടോ. ഞാൻ ജീരകം മാത്രമേ ചേർക്കാറുള്ളു)

ഇങ്ങനെ എടുത്ത പരിപ്പ് ചുരുങ്ങിയത്  100 ഗ്രാമെങ്കിലും വേണം.
ഇനി സാധാരണ അവിയൽ വയ്ക്കുന്ന പോലെ തന്നെ.

മുരിങ്ങക്കായും  പച്ചമാങ്ങാക്കഷ്ണങ്ങളും കൂടി പാകത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തുവയ്ക്കുക. (മാങ്ങ പുളിപ്പിന് ആവശ്യമായത്ര ചേർത്താൽ മതി. നല്ല പുളിയുള്ള മാങ്ങയാണെങ്കിൽ ഒന്നോ രണ്ടോ കഷ്ണം മതിയാവും). മുരിങ്ങക്കായ  വെന്തുവരുമ്പോൾ കശുവണ്ടിപ്പരിപ്പ് ചേർക്കുക.  പച്ചമുളകും രണ്ടായി കീറിയിടുക.

കുറച്ചുനേരം ചെറുതീയിൽ അടച്ചുവയ്ക്കുക. അടയ്ക്കുന്നത് വാഴയില കൊണ്ടാണെങ്കിൽ അവിയലിന് സ്വാദു കൂടും.
കഷ്ണങ്ങൾ വെന്ത് വെള്ളം വറ്റിയാൽ തേങ്ങ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം വാങ്ങാം.
വാങ്ങിവച്ചശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കുക. വെളിച്ചെണ്ണയുടേയും കറിവേപ്പിലയുടേയും വാസനയെ രക്ഷപ്പെടാൻ അനുവദിക്കാതെ അവിയൽ കുറച്ചുനേരം അടച്ചുവയ്ക്കുക.

പച്ചക്കശുവണ്ടി അവിയൽ റെഡി! സംഗതി ഉണ്ടാക്കുവാനൊക്കെ വളരെ എളുപ്പമാണ്. പക്ഷേ കശുവണ്ടി സംഘടിപ്പിച്ചെടുത്ത് മുറിച്ച് വൃത്തിയാക്കിയെടുക്കുന്നതാണ് ഇതിലെ ബുദ്ധിമുട്ടുള്ള ഭാഗം. ഇത്തിരി ബുദ്ധിമുട്ടിയാലും സംഭവം അടിപൊളിയാണു കേട്ടോ...

8 പേർ അഭിപ്രായമറിയിച്ചു:

Mélange said...

superb recipe.ee pachakashuvandi varumpol flavoril nalla vyathyasam varum.ille ? Drooling.
Pinne vazhayila kondu moodunna soothram ugran..enikkanenkil vazhayila ennu vachal bhranthanu..
Nice clicks too Bindu.

Unknown said...

പച്ചക്കശുവണ്ടി അവിയൽ ട്രൈ ചെയ്തു നോക്കണം ..നാട്ടില്‍ എത്തട്ടെ ...:)
പക്ഷെ ഒരു സംശയം പച്ചക്കശുവണ്ടിയുടെ പച്ച ടേസ്റ്റ് മാറുമോ ?

ബിന്ദു കെ പി said...

@ MyDreams: പച്ചക്കശുവണ്ടി വേവിച്ചുകഴിഞ്ഞാൽ പച്ച ടേസ്റ്റൊക്കെ മാറുമെന്നുമാത്രമല്ല, ഒരു പ്രത്യേക രുചിയാവുകയും ചെയ്യും.

ബഷീർ said...

ഈ വിഭവം ആദ്യമായി കേള്‍ക്കുന്നു.

ആശംസകള്‍

ചാര്‍ളി (ഓ..ചുമ്മാ ) said...

ശ്ശോ...ഇങ്ങയൊക്കെ കറിയുണ്ടാക്കാമോ..
ഇനി പറഞ്ഞിട്ടെന്തു കാര്യം...അക്കാലതിതൊന്നും അറീല്ലായിരുന്നു. ഇപ്പോ കൊതിച്ചിട്ട് പച്ചക്കശുവണ്ടീ കിട്ടാന്‍ മാര്‍ഗ്ഗോം ഇല്ല.. (ഇത്തിരിയെണ്ണം പാഴ്സല്‍ അയച്ചു തരാമോ കശുവണ്ടീമുതലാളീ...)

നല്ല മൂത്തകശുവണ്ടി കൊണ്ടും ഈ കറി വക്കാം ല്ലേ..
മൂത്തകശുവണ്ടി മണ്ണില്‍ കുഴിച്ചിട്ട് ഇത്തിരി വെള്ളോം ഒഴിക്കുക. ആദ്യം വരുന്ന മുള (യിതേ പരിപ്പ് തന്നേ)പൊട്ടിച്ചാലും തോരനും, അവിയലും ഒക്കെ വക്കാന്‍ നല്ലതു തന്നേ...

ബിന്ദു കെ പി said...

@ചാർളി: മുളച്ച കശുവണ്ടി കൊണ്ടും ഉണ്ടാക്കാം ചാർളീ...മഴക്കാലം വരട്ടെ.ഇവിടെ വിളമ്പാം :)

പാര്‍ത്ഥന്‍ said...

ആദ്യമായി പച്ച അണ്ടിപരിപ്പുകൊണ്ട് മസാലക്കറിവെച്ചത് തന്നത് എന്റെ ഒരു ഗേള്‍ഫ്രണ്ടായിരുന്നു. അത് ഇപ്പോഴും ഓര്‍ക്കുന്നു.
അവിയല്‍ വെയ്ക്കാമെന്നത് പുതിയ അറിവാണ്‌.

LOTUS said...

Good recipe...I will try this soon..
Thanks for sharing such a nice recipe.



Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP